ഇന്ത്യൻ സിനിമാ ചരിത്രത്തെ ഇളക്കി മറിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ രാമായണം റിലീസാകാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ചിത്രത്തിൽ രാമനായി എത്തുന്ന രൺബീറിനൊപ്പം നിറഞ്ഞാടുകയാണ് രാവണനായെത്തുന്ന യാഷും.
എന്നാൽ ഏത് സിനിമയെയും വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതാണ് യാഷിന്റെ ജീവിതം. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ യാഷിന്റെ ഭൂതകാലം കടുത്ത പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കർണാടകയിലെ സാധാരണ കുടുംബത്തിൽ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ മകനായി ജനനം.
അച്ഛന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാൽ ആ കഷ്ടപ്പാടുകളൊന്നും യാഷിന്റെ സിനിമാ സ്വപ്നങ്ങൾക്ക് തടസമായിരുന്നില്ല. സിനിമാ മോഹം തലയ്ക്കുപിടിച്ചതോടെ പതിനാറാം വയസ്സിൽ വെറും 300 രൂപയുമായി ബെംഗളൂരു നഗരത്തിലേക്ക് വണ്ടി കയറി.
ബെംഗളൂരുവിൽ നാടക ഗ്രൂപ്പുകളിൽ ചേർന്ന് യാഷ് അഭിനയം പഠിക്കാൻ തുടങ്ങി. തുടക്കത്തിൽ സ്റ്റേജ് ബാക്ക്ഗ്രൗണ്ട് ഒരുക്കുന്ന ജോലികൾ വരെ ചെയ്താണ് ജീവിക്കാനുള്ള വക കണ്ടെത്തിയത്. വർഷങ്ങളോളം കഠിനമായി അധ്വാനിച്ച ശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്താനായത് .സിനിമകളിൽ എത്തുന്നതിന് മുൻപ് സീരിയലുകളിലൂടെയാണ് യാഷ് കരിയർ ആരംഭിക്കുന്നത്. സീരിയലുകളിലെ മികച്ച പ്രകടനം സിനിമാ ലോകത്തേയ്ക്കുള്ള ചവിട്ടുപടിയായിരുന്നു.
2008-ൽ പുറത്തിറങ്ങിയ ‘മൊഗ്ഗിന മനസ്സു’ എന്ന ചിത്രത്തിലെ സഹനടനായുള്ള വേഷത്തിലൂടെയാണ് യാഷ് സിനിമാ യാത്രയ്ക്ക് തുടക്കമിട്ടത്.തുടർന്ന് പുറത്തിറങ്ങിയ റോക്കി, മൊഡലശാല, രാജധാനി തുടങ്ങിയ സിനിമകൾ യാഷിന് കരിയറിൽ വൻ കുതിപ്പുകൾ നൽകി.
യാഷിന്റെ ജീവിതം പൂർണ്ണമായി മാറ്റിമറിച്ചത് 2018-ൽ പുറത്തിറങ്ങിയ ‘കെ.ജി.എഫ്: ചാപ്റ്റർ 1’ എന്ന ചിത്രമാണ്. കന്നഡ സൂപ്പർസ്റ്റാറിൽ നിന്നും ‘റോക്കി ഭായ്’ എന്ന കഥാപാത്രത്തിലൂടെ പാൻ-ഇന്ത്യൻ താരമായി യാഷ് കുതിച്ചു. ഇന്ന് 130 കോടി പ്രതിഫലം പറ്റുന്ന താരമാണ് യാഷ്.

