പാലക്കാട്: പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും . മേജർ രവി അടുത്തിടെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളും ഒറ്റപ്പാലത്തെ ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസും സന്ദർശിച്ചിരുന്നു . ജില്ലാ പ്രസിഡന്റ് പി വേണുഗോപാലൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. പാലക്കാട് കടമ്പഴിപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രം സന്ദർശിച്ചതിന്റെ ദൃശ്യങ്ങളും മേജർ രവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി ലക്ഷ്യമിടുന്ന എ+ മണ്ഡലങ്ങളിൽ ഒന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എൻഡിഎ ഇവിടെ 25,000-ത്തിലധികം വോട്ടുകൾ നേടിയിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പി വേണുഗോപാലായിരുന്നു സ്ഥാനാർത്ഥി. അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. മേജർ രവിയെ കൂടാതെ മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, മധ്യമേഖല ജനറൽ സെക്രട്ടറി ടി. ശങ്കരൻകുട്ടി എന്നിവരും സാധ്യതാ പട്ടികയിൽ ഉണ്ട്.

