പത്തനംതിട്ട : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമുണ്ടായതായി തന്ത്രി. ദേവന് നേദിക്കും മുൻപ് സദ്യ മന്ത്രിയ്ക്ക് വിളമ്പി എന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത് . ആചാരലംഘനം നടന്നെന്നും, പരിഹാരക്രിയ ചെയ്യണമെന്നും കാട്ടി ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു.
അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാസംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശ സമിതി അംഗങ്ങളും , ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളി വച്ച് പരസ്യമായി എണ്ണപ്പണം സമർപ്പിക്കണം .11 പറ അരിയുടെ സദ്യ വയ്ക്കണം . തിടപ്പള്ളിയിൽ ഒരു പറ അരിയുടെ സദ്യ ഒരുക്കണം നാലു കറിയും പാകം ചെയ്യണം . സദ്യ ആദ്യം ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തിൽ പറയുന്നു.

