ന്യൂദൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ . ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നും പുടിൻ ആവർത്തിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിക്കുകയും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നിലുള്ളവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് റഷ്യൻ പ്രസിഡന്റ് സംഭാഷണത്തിനിടെ ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ട്വിറ്ററിൽ കുറിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് പുടിൻ ഇന്ത്യയെ പിന്തുണച്ച് വീണ്ടും രംഗത്തെത്തുന്നത് .
ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദി പുടിനെ ക്ഷണിച്ചു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് എസ് ജയശങ്കറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

