ന്യൂഡൽഹി: പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആഗോള പ്രതിസന്ധി ചർച്ച ചെയ്യാൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേർന്നിരുന്നു . പാർലമെന്റ് ഹൗസിൽ നടന്ന ഈ യോഗത്തിൽ ഭരണകക്ഷികളിലെയും പ്രതിപക്ഷ പാർട്ടികളിലെയും നിരവധി നേതാക്കൾ പങ്കെടുത്തു. മമത ബാനർജിയുടെ ടിഎംസി ഈ യോഗം ബഹിഷ്കരിച്ചു . ചർച്ചയ്ക്കിടെയാണ് വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ യുദ്ധത്തിൽ പാകിസ്ഥാന്റെ മധ്യസ്ഥതയെക്കുറിച്ച് വിദേശകാര്യ മന്ത്രിയോട് ചോദിച്ചപ്പോൾ, “ഇത് 1981 മുതൽ തുടരുന്നു… വർഷങ്ങളായി യുഎസ് ഇറാനുമായി പാകിസ്ഥാനുമായി ചർച്ചകൾ നടത്തിവരികയാണ്… നമ്മൾ ഒരു മധ്യസ്ഥ രാഷ്ട്രമല്ല.” എന്ന് അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ജെ.പി. നദ്ദ, ലല്ലൻ സിംഗ്, ജെ.ഡി.യു.വിൽ നിന്നുള്ള സഞ്ജയ് ഝാ, കോൺഗ്രസിൽ നിന്നുള്ള താരിഖ് അൻവർ, മുകുൾ വാസ്നിക്, സിപിഎമ്മിൽ നിന്നുള്ള ജോൺ ബ്രിട്ടാസ്, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അസംസ്കൃത എണ്ണ, എൽപിജി, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ മതിയായ ലഭ്യത രാജ്യത്തുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു . ‘ നാല് കപ്പലുകൾ എത്തിയിട്ടുണ്ട്, കൂടുതൽ കപ്പലുകൾ പ്രതീക്ഷിക്കുന്നു. എല്ലാ പങ്കാളികളുമായും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തിന് ഒരു നയതന്ത്ര വിജയമാണ്.“ ഹർദീപ് സിംഗ് പുരി പറഞ്ഞു.

