കൊവിഡ് കാലത്ത് ഒടിടി റിലീസായെത്തി പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ദൃശ്യം 2. ദൃശ്യം ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രം എന്ന നിലയിൽ വൻ ഹൈപ്പോടെ എത്തിയ ചിത്രം, ഒടിടിയിൽ വലിയ വിജയമായി മാറുകയായിരുന്നു. എന്നാൽ ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കാത്തതിന്റെ പരിഭവം അന്ന് ആരാധകർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
ദൃശ്യം 2 ബിഗ് സ്ക്രീൻ അരങ്ങേറ്റം എന്ന വിവരണത്തോടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച മോഹൻലാൽ, റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഓൾ ഇന്ത്യ റിലീസായി ഏപ്രിൽ 10നാണ് ചിത്രം ആദ്യമായി ബിഗ് സ്ക്രീനിൽ എത്തുന്നത്.
മോഹൻലാലിന്റെ തിയേറ്റർ റിലീസുകൾ വേണ്ടത്ര വിജയമാകാതെ പോയ 2020- 2021 കാലഘട്ടത്തിൽ, ഒടിടി റിലീസായെത്തി മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു ദൃശ്യം 2, ട്വെൽത്ത് മാൻ, ബ്രോ ഡാഡി തുടങ്ങിയവ. ഇവയിൽ തന്നെ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ദൃശ്യം 2 ആയിരുന്നു.
മോഹൻലാലിനൊപ്പം മീന, സിദ്ദീഖ്, അൻസിബ ഹസ്സൻ, ആശ ശരത്, എസ്തർ അനിൽ, മുരളി ഗോപി, ഗണേഷ് കുമാർ തുടങ്ങിയവരാണ് ദൃശ്യം 2ൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തത്. 2013ൽ റിലീസ് ചെയ്ത് മലയാള സിനിമയുടെ തലവര മാറ്റിയ ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായാണ് ദൃശ്യം 2 എത്തിയത്.
അതേസമയം, ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ദൃശ്യം 3ന്റെ റിലീസ് മാറ്റിവെച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപനം വന്നിരുന്നു. 2026 മെയ് 21ന്, അതായത് മോഹൻലാലിന്റെ 66ആം പിറന്നാൾ ദിനത്തിലാകും ദൃശ്യം 3, ആഗോള റിലീസായി എത്തുക എന്നതാണ് പുതിയ അപ്ഡേറ്റ്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

