തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ മുസ്ലീം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയെ കായംകുളത്തെ യുഡിഎഫ് മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടിയെ പകരം ചുമതലപ്പെടുത്തി. ഇർഷാദിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചു
തനിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ പ്രതികരിക്കവേ യു പ്രതിഭ വികാരാധീനയായി കരഞ്ഞിരുന്നു . ഇർഷാദിന്റെ പ്രസ്താവനയിൽ താൻ ഞെട്ടിപ്പോയെന്നും പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്നും അവർ പറഞ്ഞു. ഖേദം പ്രകടിപ്പിച്ചാൽ മാത്രം പോരാ എന്നും, ഉപദ്രവിച്ചതിന് ശേഷം ക്ഷമാപണം നടത്തുന്നതാണോ ശരിയെന്നും പ്രതിഭ ചോദിച്ചു.
അതേസമയം, പ്രതിഭയ്ക്കെതിരായ പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു പറഞ്ഞു. വ്യക്തിപരമായ ആക്രമണങ്ങൾ തന്റെയോ പാർട്ടിയുടെയോ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പുകൾ വ്യക്തിപരമായ വിമർശനത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നും ആശയങ്ങളുടെ മത്സരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

