തൃശൂർ: 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിലെ മുടിക്കോടാണ് സംഭവം. കർണാടക സ്വദേശി ഉദയ് ശങ്കറിനെയാണ് കസ്റ്റഡിയിലെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്സൈസ് സ്ക്വാഡ് സംസ്ഥാനത്തുടനീളം വാഹന പരിശോധന നടത്തുകയായിരുന്നു. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ നിന്നാണ് ഉദയ് ശങ്കറിനെ പിടികൂടിയത്. കർണാടകയിലെ ഒരു വസ്തു വിറ്റതിൽ നിന്ന് ലഭിച്ച പണമാണിതെന്ന് അയാൾ പോലീസിനോട് പറഞ്ഞു. കൊച്ചിയിലെ മറ്റൊരു വസ്തുവിന് അഡ്വാൻസ് നൽകാനാണ് ഈ പണം കൈയിൽ സൂക്ഷിച്ചിരുന്നതെന്നും ഉദയ് ശങ്കർ പറഞ്ഞു.
എന്നാൽ, അറസ്റ്റിലായ ആളുടെ പക്കൽ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ല. പിടിച്ചെടുത്ത പണം എക്സൈസ് സ്ക്വാഡ് ആദായനികുതി വകുപ്പിന് കൈമാറി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ പണം കർണാടകയിൽ നിന്ന് കൊണ്ടുവന്നതാണോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.

