കായംകുളം : തനിക്കെതിരായ ലീഗ് നേതാവിന്റെ പരാമർശത്തിൽ വിതുമ്പി സിറ്റിംഗ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു പ്രതിഭ . ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാവും കായംകുളം യുഡിഎഫ് കൺവീനറുമായ എ ഇർഷാദാണ് ഒരു പ്രചാരണ പരിപാടിയിൽ പ്രതിഭ “തന്റെ വാക്ചാതുര്യവും സൗന്ദര്യവും കൊണ്ട്” മൂന്നാം തവണയും മത്സരിക്കാൻ ശ്രമിക്കുകയാണെന്ന് പരാമർശിച്ചത്. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രതിഭ പരാജയപ്പെട്ടുവെന്നും മണ്ഡലത്തിനായി എംഎൽഎ ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചില്ലെന്നും ഇർഷാദ് ആരോപിച്ചു.
പ്രസംഗം വിവാദമായതോടെ ഇര്‍ഷാദ് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു . യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്റെ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇര്‍ഷാദിന്റെ വിവാദപരാമർശങ്ങൾ. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എൽ ഡി എഫ് അറിയിച്ചു.
ഇത്തരം പരാമർശങ്ങൾ പൊതുരംഗത്ത് വളർന്നു വരുന്ന സ്ത്രീകളെ അടിച്ചമർത്തുന്നതാണെന്നും , പിന്തിരിപ്പൻ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും പത്രസമ്മേളനത്തിൽ പറഞ്ഞ പ്രതിഭ സംസാരത്തിനിടെ വിതുമ്പുന്നതും കാണാമായിരുന്നു. “വോട്ടർമാർ ഒരു സ്ഥാനാർത്ഥിയുടെ മനസ്സിനെയും പ്രതിബദ്ധതയെയും നോക്കുന്നു, അവരുടെ ശരീരത്തെയല്ല, കായംകുളത്തിന്റെ വികസനത്തിനായാണ് ഞാൻ ഏറെ പ്രവർത്തിച്ചത്.
വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെയുള്ള സ്ത്രീകളെ പൊതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താനാണ് ഇത്തരം പ്രസ്താവനകൾ ഉദ്ദേശിക്കുന്നത്. . സ്ത്രീകൾ അത്തരം മനോഭാവങ്ങളെ മറികടക്കുമെന്നും രാഷ്ട്രീയ സംവാദങ്ങളിൽ അന്തസ്സ് നിലനിർത്തണമെന്നും “ പ്രതിഭ പറഞ്ഞു..
ഇർഷാദ് തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും, ക്ഷമാപണം പര്യാപ്തമല്ലെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

