മെൽബൺ: ഐറിഷ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മെൽബണിൽ അറസ്റ്റിലായ വ്യക്തിയ്ക്കെതിരെ കേസ് എടുത്തു. 45 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഐറിഷ് പൗരനാണ്. മെൽബണിലെ ഫെർൻട്രീ ഗള്ളി റോഡിലുള്ള വീട്ടിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ യുവതിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അടിയന്തിര സേവനങ്ങൾ എത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സംഭവസ്ഥലത്ത് നിന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. വീഡിയോ ലിങ്ക് വഴി മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ പ്രതിയെ 2027 ഫെബ്രുവരി 23 വരെ റിമാൻഡ് ചെയ്തു.

