ഇറാഖിലെ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടുത്തത്തിൽ 50 പേർ മരിച്ചു . നിരവധി പേർക്ക് പരിക്കേറ്റു . ഇറാഖിലെ അൽ-കുട്ടിലെ ഒരു സൂപ്പർമാർക്കറ്റിലാണ് അപകടം നടന്നത് . കെട്ടിടത്തിന്റെ വലിയൊരു ഭാഗം കത്തുന്നതിന്റെയും പുക പുറത്തുവരുന്നതിന്റെയും ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട് . അതിൽ അഞ്ച് നില കെട്ടിടം കത്തുന്നതും , അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതും കാണാം. “വലിയ ഷോപ്പിംഗ് സെന്ററിലെ ഈ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം ഏകദേശം 50 ആയി ഉയർന്നു,” വാസിത് പ്രവിശ്യാ ഗവർണർ മുഹമ്മദ് അൽ-മിയാഹി പറഞ്ഞു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല, അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞു.
വസിത് പ്രവിശ്യയിലെ ഹൈപ്പർമാർക്കറ്റിലും റസ്റ്റോറന്റിലുമാണ് തീപിടുത്തമുണ്ടായതെന്ന് ഗവർണർ മുഹമ്മദ് അൽ-മായാഹി പറഞ്ഞു. റിപ്പോർട്ട് പ്രകാരം മാൾ തുറന്നിട്ട് 5 ദിവസം മാത്രമേ ആയിട്ടുള്ളൂ. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
തീപിടുത്തമുണ്ടായപ്പോൾ നിരവധി പേർ ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ നിരവധി പേരെ രക്ഷപ്പെടുത്തിയതായി ഗവർണർ പറഞ്ഞു. അപകടത്തെത്തുടർന്ന് രാജ്യത്തുടനീളം മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ ഗവർണർ മുഹമ്മദ് അൽ-മായാഹി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ഐഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

