ന്യൂഡൽഹി : 2026 ഓടെ ഇന്ത്യയ്ക്ക് കൂടുതൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്വന്തമാകും. ഇക്കാര്യം ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ റോമൻ ബാബുഷ്കിൻ സ്ഥിരീകരിച്ചിട്ടുണ്ട്. സമീപകാലത്തെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളിൽ എസ്-400 വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും ഇത് മിസൈൽ സംവിധാനത്തിന്റെ തന്ത്രപരമായ മൂല്യം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എസ്-400 ന്റെ ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകൾക്കുള്ള കരാർ ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുകയാണെന്നും സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്നും ബാബുഷ്കിൻ സ്ഥിരീകരിച്ചു. ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് റഷ്യൻ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400. സുദർശന ചക്ര എന്നാണ് ഇതിന് ഇന്ത്യ നൽകിയ പേര്.
ദീർഘദൂരങ്ങളിലുള്ള ഒന്നിലധികം വ്യോമ ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ള എസ്-400 സിസ്റ്റത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾക്കായി ഇന്ത്യ 2018 ൽ റഷ്യയുമായി 5.43 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
ഇത് കൂടാതെ വ്യോമ പ്രതിരോധത്തിന്റെയും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളുടെയും നിർമ്മാണങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ആലോചനകൾ നടക്കുന്നുണ്ട്.

