മഞ്ഞനൂലിഴകൾ കൊണ്ട് നെയ്ത പട്ട്പോലെ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന മരങ്ങൾ വിഷുക്കാലത്തെ മാത്രം കാഴ്ചയാണ്. മാർച്ച് ആരംഭത്തോടെ തന്നെ വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന മൊട്ടിട്ട് തുടങ്ങും. മലയാളിയുടെ വിഷു ആഘോഷങ്ങളിൽ പ്രത്യേക സ്ഥാനമാണ് കണിക്കൊന്നയ്ക്ക് ഉള്ളത്. മേടം ഒന്നിന് കണികാണാൻ ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം കൊന്നപ്പൂവും നിർബന്ധം.
എങ്ങനെയാണ് കണിക്കൊന്ന വിഷു ആഘോഷത്തിന്റെ ഭാഗമായി മാറിയത്?. ഇതിന് പിന്നിൽ രണ്ട് കഥകളാണ് ഉള്ളതെന്നാണ് പറയപ്പെടുന്നത്. ബാലിവധവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ഇതിലൊന്ന്.
രാവണൻ തട്ടിക്കൊണ്ട് പോയ സീതയെ അന്വേഷിച്ച് ഇറങ്ങിയ ശ്രീരാമൻ സുഗ്രീവന് വേണ്ടി ബാലിയെ വധിക്കുന്നത് മരത്തിന് പിന്നിൽ മറഞ്ഞ് നിന്നാണ്. പിന്നീട് എല്ലാവരും ഈ മരത്തെ ബാലിയെ കൊന്നമരം എന്ന് വിളിക്കാൻ തുടങ്ങി. എന്നാൽ ഇത് പിന്നീട് കൊന്നമരമായി. ഇതിൽ മനംനൊന്ത മരം തന്റെ മനോവിഷമത്തെക്കുറിച്ച് ശ്രീരാമനെ അറിയിച്ചു. ഇത് കേട്ട് ശ്രീരാമൻ സൗഭാഗ്യം കൈവരുമെന്ന് അരുൾ ചെയ്ത് അപ്രത്യക്ഷനാകുകയായിരുന്നു.
ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ഐതിഹ്യം. ഗുരുവായൂരിൽ ഭക്തർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ ശ്രീകൃഷ്ണൻ മറ്റാരും കാണാതെ തനിക്ക് പ്രിയങ്കരനായ ഉണ്ണിയ്ക്കൊപ്പം കളിക്കാൻ പോകുക പതിവായിരുന്നു. ഒരിക്കൽ കളിക്കുന്നതിനിടെ ഭക്തൻ സമർപ്പിച്ച മാല ഭഗവാൻ ഉണ്ണിയ്ക്ക് ഊരി നൽകി. വൈകുന്നേരം നട തുറന്നപ്പോൾ വിഗ്രഹത്തിൽ മാല കാണാതിരുന്നതോടെ എല്ലാവരും അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് ഉണ്ണിയുടെ കയ്യിൽ മാല കണ്ടത്. ഉണ്ണി മാല മോഷ്ടിച്ചെന്ന് ആയിരുന്നു എല്ലാവരും വിശ്വസിച്ചത്. ഭഗവാൻ നൽകിയതാണെന്ന് പറഞ്ഞിട്ടും ആരും ഉണ്ണിയെ വിശ്വസിച്ചില്ല. ഇതോടെ ഉണ്ണി മാല ദൂരേയ്ക്ക് വലിച്ചെറിയുകയായിരുന്നു.
ഈ മാല കൊന്നമരത്തിലാണ് വീണത്. ഇതോടെ ആ മരം മുഴുവൻ സ്വർണ നിറത്തിലുള്ള പൂക്കൾ കൊണ്ട് നിറഞ്ഞു. ഈ നേരം ഭഗവാൻ കൊന്നമരത്തിന് ഭാഗ്യം നൽകാനുള്ള നിയോഗം കുട്ടിയ്ക്കാണെന്ന് അരുൾ ചെയ്തു. അന്ന് മുതലാണ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി കൊന്നമരത്തെ കാണാൻ തുടങ്ങിയത്.

