പന്തളം: പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷു ദിനത്തിൽ തിരുവാഭരണ ദർശനത്തിനിടെ സ്വർണ്ണ കാണിപ്പൊന്ന് കാണാതായത് ആശങ്കയ്ക്കിടയാക്കി . എങ്കിലും പൊലീസിന്റെ കൃത്യമായ ഇടപെടലിൽ ആഭരണം വീണ്ടെടുത്തു.
പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ നൽകിയ കാണിപ്പൊന്ന് ദർശനത്തിനെത്തിയ ആൾ പോക്കറ്റിലിട്ട് മടങ്ങി. മോഷണം പോയെന്ന തരത്തിൽ പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.
സിസിടിവി ദൃശ്യം പ്രകാരം അന്വേഷിച്ചപ്പോൾ പന്തളം മങ്ങാരം മുളമ്പുഴ സ്വദേശിയെ തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് അയാളുടെ വീട്ടിലെത്തി. അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് വിഷു പ്രമാണിച്ച് ക്ഷേത്രത്തിൽനിന്നു നൽകിയതാണെന്നു ധരിച്ചെന്നും പിന്നീട് വീട്ടിലെത്തി പൂജാമുറിയിൽ വയ്ക്കുകയായിരുന്നു എന്നും പറഞ്ഞത്. തുടർന്ന് അദ്ദേഹത്തെ കൂട്ടി പൊലീസ് ക്ഷേത്രത്തിലെത്തി.
കാണിപ്പൊന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്കു കൈമാറി. പിന്നീട് മേൽശാന്തി തിരുവാഭരണങ്ങൾക്കൊപ്പം വച്ചു. ദേവസ്വം ബോർഡ് അധികൃതർക്കും പന്തളം കൊട്ടാരം നിർവാഹക സംഘത്തിനും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പന്തളം മങ്ങാരം മുളമ്പുഴ സ്വദേശിയെ കേസെടുക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു.

