കൊല്ലം : സ്കൂൾ കെട്ടിടത്തിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. തേവലക്കര ബോയ്സ് സ്കൂളിലാണ് സംഭവം. മിഥുൻ (13) ആണ് മരിച്ചത്. കുട്ടിയെ ശാസ്താംകോട്ട താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ അങ്ങേയറ്റം ദുഃഖകരമെന്ന് മന്ത്രി വിശേഷിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ കൊല്ലത്തെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.
വ്യാഴം രാവിലെ 8.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. അവിടെ നിന്ന് അത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുതിയ സൈക്കിൾ ഷെഡ് നിർമ്മിച്ചപ്പോൾ, ലൈനും ഷെഡും തമ്മിലുള്ള ഉയര വ്യത്യാസം കുറഞ്ഞ ഇതാണ് അപകടത്തിനിടയാക്കിയത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കും അദ്ദേഹം ഉത്തരവിട്ടിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

