ഗുവാഹഠി: രാജസ്ഥാൻ യുവ ഓപ്പണർമാർ കളം നിറഞ്ഞാടിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തോൽവി. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ 27 റൺസിനാണ് രാജസ്ഥാൻ മുംബൈയെ തറപറ്റിച്ചത്.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്ടൻ സൂര്യകുമാർ യാദവിനെ ഞെട്ടിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും പുറത്തെടുത്തത്. ബൂമ്ര ഉൾപ്പെടെയുള്ള മുംബൈ ബൗളർമാരെ ഇരുവരും ചേർന്ന് ഒരു ദാക്ഷിണ്യവുമില്ലാതെ തുടർച്ചയായി സ്റ്റേഡിയത്തിലേക്ക് പായിച്ച് കൊണ്ടേയിരുന്നു. അഞ്ചാം ഓവറിൽ ഓപ്പണിംഗ് കൂട്ടുകെട്ട് വേർപിരിയുമ്പോൾ 80 റൺസായിരുന്നു സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. അവിടെ തന്നെ മത്സരത്തിന്റെ ഗതി തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരുന്നു.
വെറും 14 പന്തിൽ ഒരു ഫോറും 5 സിക്സറുകളും ഉൾപ്പെടെ 39 റൺസുമായി വൈഭവ് സൂര്യവംശി മടങ്ങിയെങ്കിലും, മറുവശത്ത് ജയ്സ്വാൾ വെടിക്കെട്ട് തുടർന്നു. 3ന് 150 എന്ന സ്കോറിൽ രാജസ്ഥാൻ ഇന്നിംഗ്സ് അവസാനിക്കുമ്പോഴും 32 പന്തിൽ 77 റൺസുമായി ജയ്സ്വാൾ ക്രീസിൽ തന്നെ ഉണ്ടായിരുന്നു. മുംബൈക്ക് വേണ്ടി ഗസൻഫർ 2 വിക്കറ്റ് വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈക്ക് തൊട്ടതെല്ലാം പിഴച്ചു. സ്കോർ ഉയർത്താൻ മുംബൈ ബാറ്റ്സ്മാന്മാർ നടത്തിയ ശ്രമങ്ങളെല്ലാം കൃത്യമായി രാജസ്ഥാൻ ഫീൽഡർമാരുടെ കൈകളിൽ ഒതുങ്ങി. 25 റൺസ് വീതമെടുത്ത ഷെർഫെയ്ൻ റൂഥർഫോർഡും നമൻ ധീറും ക്രീസിൽ നിന്നപ്പോൾ മാത്രമാണ് മുംബൈ ആരാധകർക്ക് അൽപ്പമെങ്കിലും ആശ്വസിക്കാനായത്. 14 റൺസ് എടുത്ത തിലക് വർമ കൂടി കഴിഞ്ഞാൽ, മറ്റ് മുംബൈ ബാറ്റ്സ്മാന്മാർക്ക് ആർക്കും രണ്ടക്കം കടക്കാനായില്ല.
നാന്ദ്രെ ബർഗറും സന്ദീപ് ശർമ്മയും രവി ബിഷ്ണോയിയും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയതോടെ, മുംബൈയുടെ പോരാട്ടം 11 ഓവറിൽ 9ന് 123 എന്ന നിലയിൽ അവസാനിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേ പോലെ തിളങ്ങിയാണ് രാജസ്ഥാൻ അർഹതപ്പെട്ട വിജയം ആഘോഷിച്ചത്.

