ഗുരുവായൂർ : ഗുരുവായൂരിൽ കൊട്ടിക്കലാശത്തിനിടെ ആട്ടവും, പാട്ടുമായി എൻ ഡി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ .‘ 50 വർഷത്തെ കുത്തക പൊളിക്കും ‘ എന്ന ബാനർ ഉയർത്തിയ ക്രെയിന്‍ മുകളിൽ കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് കയറി നിന്നായിരുന്നു ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ് . അണികളും ഒപ്പം ചേർന്നപ്പോൾ ഡാൻസ് വൈറലായി.
1977 മുതലുള്ള എംഎൽഎമാരുടെ പട്ടിക പ്രദർശിപ്പിച്ച ഗോപാലകൃഷ്ണന്റെ ഫ്ലക്സ് ശ്രദ്ധ നേടിയതിനു പിന്നാലെയാണ് കലാശക്കൊട്ടിലെ ഡാൻസും ശ്രദ്ധ ആകർഷിച്ചത്. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്–വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയിൽ പറഞ്ഞിരുന്നു.

