തിരുവനന്തപുരം: കടകംപള്ളി ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കുടപ്പനക്കുന്ന് ഇരപ്പുകുഴി നിവാസിയായ വിഷ്ണു (42) ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സ്ഥലം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്റെ മാനസിക പീഡനമാണെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ ആവശ്യപ്പെട്ടു. പൂജാരിയുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രപരിസരത്ത് മേൽശാന്തി വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വിഷ്ണുവുമായി ബന്ധമുള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ ആചാരലംഘനം നടത്തിയതായും ഇത് വിഷ്ണു ചൂണ്ടിക്കാട്ടിയതായും സുഹൃത്തുക്കൾ പറഞ്ഞു. ഇതിനെ തുടർന്ന് ഉത്സവകാലത്ത് കടകംപള്ളിയുമായി ബന്ധമുള്ള സിപിഎം ക്ഷേത്രഭരണസമിതി വിഷ്ണുവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചു. ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.
തന്റെ മരണത്തിന് ഉത്തരവാദികളായ ക്ഷേത്രഭരണസമിതി അംഗങ്ങളുടെ പേര് ആത്മഹത്യാ കുറിപ്പിൽ വിഷ്ണു രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തിന്റെ പ്രധാന കാരണക്കാരനായ കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെ കുറ്റക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷേഭം തുടരുമെന്നാണ് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകുന്നത്.

