തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തിമിർപ്പോടെ കലാശക്കൊട്ട്. താളമേളങ്ങളുടെയും വർണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ ഒത്തുചേർന്നിട്ടുണ്ട്.
കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. പാർട്ടി പതാകകളുമായി എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ പ്രവർത്തകർ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം ആവേശത്തേരിലേറി. . കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാൻ തൃശൂരിൽ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോൾ ചിലയിടത്ത് പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
പലയിടത്തും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട് . നാളെ നിശബ്ദപ്രചാരണം കഴിഞ്ഞ് 9 ന് കേരളം പോളിങ് ബൂത്തിൽ എത്തും.മൂന്നാം തുടർഭരണം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളൊരുക്കി എൽ.ഡി.എഫും പതിറ്റാണ്ട് നീണ്ട ഇടവേളക്കുശേഷം ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും തമ്മിലാണ് മുഖ്യപോര്. അതേസമയം ബിജെപി ഇത്തവണ കേരളത്തിൽ ഒന്നിലധികം സീറ്റുകൾ പിടിക്കുമെന്നാണ് റിപ്പോർട്ട്.

