ന്യൂഡൽഹി: ഭൗതികശാസ്ത്ര പുരോഗതിയുടെ ഓരോ ഘട്ടങ്ങളിലും മനുഷ്യനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇടിമിന്നൽ പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമോ എന്നത്. ഇടിമിന്നൽ രക്ഷാചാലകം പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച്, മിന്നൽ വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ സാധിക്കുമെങ്കിലും, മിന്നലിനെ ഒരു കാലത്തും നിയന്ത്രണ പരിധിയിലാക്കി നിർത്താൻ മനുഷ്യന് സാധിച്ചിട്ടില്ല.
എന്നാൽ, ഇടിമിന്നൽ, മേഘസ്ഫോടനം എന്നിവ പോലെയുള്ള പ്രതിഭാസങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘മിഷൻ മൗസം‘ എന്ന പദ്ധതി. ഇതിനായി 2000 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്.
കാലാവസ്ഥാ പ്രവചനം കൂടുതൽ കണിശമാക്കുക, കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രതികൂല സാഹചര്യങ്ങളെ വഴിതിരിച്ചുവിട്ട് ജനങ്ങൾക്ക് അനുകൂലമാക്കി മാറ്റുക, ക്ലൗഡ് സീഡിംഗിലൂടെ പ്രളയങ്ങളും ഉരുൾ പൊട്ടലുകളും ഒഴിവാക്കുക, വരൾച്ച രൂക്ഷമാകാൻ ഇടയാക്കാതെ കൃത്രിമ മഴ ഇടവിട്ട് പെയ്യിക്കാൻ സാധിക്കുക എന്നിവയിലും പദ്ധതിയുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടക്കും.
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഇക്കാര്യങ്ങളിൽ കാര്യക്ഷമമായ പുരോഗതി ഉണ്ടാക്കാൻ സാധിക്കും എന്നാണ് ഗവേഷകരുടെ അഭിപ്രായം. കൃത്രിമ മേഘങ്ങൾ സൃഷ്ടിക്കുക, റഡാർ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നിരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കുമായി ആധുനിക ഉപഗഹങ്ങളും സൂപ്പർ കമ്പ്യൂട്ടറുകളും ഉപയോഗിക്കുക എന്നിവയും പദ്ധതിയിലുണ്ട്. ഇവയെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനായി ക്ലൗഡ് ചേംബറുകൾ സ്ഥാപിക്കും.
പൂനെയിലെ ഐഐടിഎമ്മിലായിരിക്കും ക്ലൗഡ് ചേംബർ സ്ഥാപിക്കുക. മേഘങ്ങളിലെ ഭൗതിക- രാസ പ്രവർത്തനങ്ങളുടെ വിശകലനം ഭാവിയിൽ ഇടിമിന്നൽ മൂലമുള്ള നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനും പിൽക്കാലത്ത് ഇടിമിന്നലിലെ ഊർജ്ജപ്രവാഹത്തെ ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനും വഴിവെക്കുമെന്ന് ശാസ്ത്രജ്ഞർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. ഒന്നര വർഷത്തിനുള്ളിൽ ക്ലൗഡ് ചേംബർ പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഗവേഷകർ വ്യക്തമാക്കുന്നു.