ഡബ്ലിൻ: പബ്ലിക് സർവ്വീസ് പെൻഷൻ പദ്ധതിയിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധിച്ചുള്ള അനിശ്ചിതകാല സമരത്തിനൊരുങ്ങി സെക്രട്ടറിമാരും കെയർടേക്കർമാരും. അടുത്ത വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ട്രേഡ് യൂണിയനായ ഫോർസയിലെ അംഗങ്ങളാണ് പ്രതിഷേധിക്കുന്നത്.
സ്കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഏകദേശം 2600 ഓളം സ്കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് ഫോർസയിൽ അംഗമായിരിക്കുന്നത്. പെൻഷൻ പദ്ധതിയിൽ നിന്നും പൊതുമേഖലാ തൊഴിൽ വ്യവസ്ഥകളിൽ നിന്നും ചില ജീവനക്കാരെ മാത്രം ഒഴിവാക്കുന്നത് ന്യായീകരിക്കാനാകാത്തതാണെന്ന് ഫോർസ പ്രതികരിച്ചു.
മെയ് മാസമാണ് തുടർച്ചയായുള്ള അവഗണനയ്ക്കെതിരെ പ്രതികരിക്കാൻ ഫോർസ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള സമരത്തിനായുള്ള വോട്ടിംഗും അതേമാസം സംഘടന ആരംഭിച്ചിരുന്നു.

