ഡബ്ലിൻ: റോഡ് അപകടങ്ങളിൽ എസ്യുവി പോലുള്ള വലിയ വാഹനങ്ങളാണ് കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നത് എന്ന് റോഡ് പോലീസിംഗ് യൂണിറ്റ് മേധാവി. അതുകൊണ്ട് തന്നെ വലിയ വാഹനങ്ങളുമായി യാത്ര ചെയ്യുന്ന ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മേധാവി ജെയ്ൻ ഹംഫ്രീസ് പറഞ്ഞു. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ജെയ്ൻ ഹംഫ്രീസിന്റെ നിർദ്ദേശം.
റോഡുകളിൽ ചെറിയ കാറുകൾ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളെക്കാൾ വലിയ നാശനഷ്ടമാണ് വലിയ വാഹനങ്ങൾ ഉണ്ടാക്കുന്നത് എന്നാണ് ബ്രിട്ടണിൽ നടന്ന പഠനം വ്യക്തമാക്കുന്നത്. വഴിയിലൂടെ പോകുന്നവരെ സാധാരണ കാറും എസ് യുവി പോലുള്ള വലിയ വാഹനങ്ങളും ഇടിയ്ക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടം വ്യത്യാസപ്പെട്ടിരിക്കുന്നു. വലിയ വാഹനങ്ങൾ ഇടിച്ചാൽ മരണത്തിനുള്ള സാദ്ധ്യത 44 ശതമാനം കൂടുതലാണ്. കുട്ടികളെ ഇടിച്ചാൽ അവർ മരിക്കാനുള്ള സാദ്ധ്യത 82 ശതമാനം കൂടുതൽ ആണെന്നും ജെയ്ൻ ഹംഫ്രീസ് വ്യക്തമാക്കി. വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം.

