ശ്രീനഗർ : ജമ്മു കശ്മീർ സർക്കാർ മാർക്കറ്റുകളിൽ മായം ചേർത്ത മുട്ടകൾ വിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവ് . മേഖലയിലുടനീളം കഴിക്കുന്ന മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ കോൺഫറൻസ് എംഎൽഎ തൻവീർ സാദിഖ് ആരോപിച്ചിരുന്നു. പൊതുജനാരോഗ്യ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിർദേശം . ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രിയുടെ (എഫ്സിഎസ് & സിഎ) പേഴ്സണൽ വിഭാഗം പുറപ്പെടുവിച്ച കത്തിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിഷയം ഉടൻ അന്വേഷിക്കാനും രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം.
അർബുദകാരിയും വിഷാംശമുള്ളതുമായ മരുന്നുകളായ നൈട്രോഫ്യൂറാൻ, നൈട്രോമിഡാസോൾ എന്നിവയുടെ അംശം പ്രാദേശിക വിപണികളിൽ ലഭ്യമായ മുട്ടകളിൽ കണ്ടെത്തിയേക്കാമെന്ന് സാദിഖ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഈ നിർദ്ദേശം. കുട്ടികളും പ്രായമായവരും രോഗികളും മുട്ടകൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഈ പ്രശ്നം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് തൻവീർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
കോഴി വളർത്തലിൽ നിരോധിച്ചിരിക്കുന്ന വസ്തുക്കളുടെ അംശം മുട്ടകളിൽ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ലാബ് പരിശോധനാ റിപ്പോർട്ട് ട്രസ്റ്റിഫൈഡ് പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. അവ ജനിതക വിഷാംശം ഉള്ളവയാണ്, അവ ഡിഎൻഎയെ നശിപ്പിക്കുകയും ക്യാൻസറിന് കാരണമാവുകയും ചെയ്യും. പല രാജ്യങ്ങളിലും കോഴിയിറച്ചിയിൽ ആന്റിബയോട്ടിക്കുകളായ AOZ പോലുള്ള മെറ്റബോളിറ്റുകൾ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
വിപണികളിൽ അവശേഷിക്കുന്ന മുട്ടകൾ ഉടൻ പരിശോധിക്കണമെന്നും, അത്തരം മുട്ടകൾ വന്ന വിതരണ ശൃംഖല തിരിച്ചറിയണമെന്നും, നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും എംഎൽഎ ആരോഗ്യമന്ത്രിയോടും എഫ്സിഎസ് & സിഎ മന്ത്രിയോടും ആവശ്യപ്പെട്ടു.

