കണ്ണൂർ: കിണർ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിലിൽ സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ കിണർ കുഴിക്കുന്നതിനിടെ കടുത്ത ചൂടിൽ സനൽ അബോധാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. മരണകാരണം സൂര്യാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇന്ന് നിരവധി പേർ സൂര്യാഘാതമേറ്റ് ചികിത്സയിലാണ്. കോഴിക്കോട് നാദാപുരം വളയത്ത് അംഗൻവാടി അധ്യാപികയായ അനിലയ്ക്ക് സൂര്യാഘാതമേറ്റ് വലതുകൈയിൽ പൊള്ളലേറ്റു. അങ്കണവാടിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പൊളളലേറ്റത്. മലപ്പുറം വണ്ടൂരിൽ ഇസ ജോൺ എന്ന നാലു വയസ്സുകാരിക്കും സൂര്യാഘാതമേറ്റു.
കളിക്കുന്നതിനിടെയാണ് കുട്ടിയ്ക്ക് പൊള്ളലേറ്റത്. അതേസമയം, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ എന്നിവിടങ്ങളിൽ നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുകയും സാധാരണയേക്കാൾ നാലര ഡിഗ്രിയിൽ കൂടുതൽ താപനില വ്യത്യാസം അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഐഎംഡി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, ആ സമയങ്ങളിൽ കഴിയുന്നത്ര സമയം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.വെളിയിൽ ജോലി ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ത്വക്ക് രോഗമുള്ളവർ, ആൽബിനിസം, നേത്രരോഗങ്ങൾ, കാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞ മറ്റ് വിഭാഗങ്ങൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. യാത്ര ചെയ്യുമ്പോൾ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

