കൊല്ലം: ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം പൊരീക്കൽ ഇടവട്ടം ജയന്തി നഗറിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇടവട്ടം ഗോകുലത്തിൽ പരേതനായ രഘുനാഥപിള്ളയുടെ മകൻ ഗോകുൽനാഥ് (35) ആണ് മരിച്ചത്.
സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിലെ അരുൺ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. രാത്രി ബഹളവും അലർച്ചയും കേട്ട് പ്രദേശവാസികൾ ഉണർന്നു വന്നപ്പോൾ ഗോകുൽ അവശനിലയിലായിരുന്നു. ‘എനിക്ക് തീരെ വയ്യ ആശുപത്രിയിൽ കൊണ്ടു പോകൂ’ എന്ന് കരഞ്ഞു പറയുന്നുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു
ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അരുണും ചേർന്നു. എന്നാൽ ഗോകുൽ മരിച്ചെന്ന് വ്യക്തമായതോടെ അയാൾ അവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

