മലപ്പുറം: നിലമ്പൂരിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. പള്ളിക്കുളത്തെ രതീഷിനെയാണ് ജൂൺ 11 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മരണത്തിന് പിന്നിൽ നാലംഗ സംഘമാണെന്ന് കുടുംബം ആരോപിച്ചു. മകനെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്നാണ് രതീഷിന്റെ അമ്മ തങ്കമണിയുടെ പരാതി. അയൽവാസിയായ ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ സംഘമാണ് രതീഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് സഹോദരൻ രാജേഷും മാധ്യമങ്ങളോട് പറഞ്ഞു.
കടം വാങ്ങിയ പണം തിരികെ നൽകാമെന്ന വ്യാജേന യുവതി രതീഷിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് വസ്ത്രം അഴിച്ചുമാറ്റി നഗ്നനാക്കി യുവതിയ്ക്കൊപ്പം നിർത്തി ഫോട്ടോ എടുത്തു. രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും സ്കൂൾ ഗ്രൂപ്പിനും ഫോട്ടോ അയച്ചുകൊടുത്ത് രാജേഷിനെ നാണംകെടുത്തി.
ഇതാണ് രാജേഷിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് തങ്കമണി പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തങ്കമണി പറഞ്ഞു. പോലീസിനെതിരെയും കുടുംബം ആരോപണങ്ങൾ ഉന്നയിച്ചു. പോലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം പറഞ്ഞു. അതേസമയം, രതീഷിന്റെ ഭാര്യയും അമ്മയും നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എടക്കര പോലീസ് പറഞ്ഞു.

