തിരുവനന്തപുരം: സിനിമാ സെറ്റിൽ വെച്ച് ഒരു പ്രമുഖ നടൻ്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടി വിൻസി സോണി അലോഷിയസിന് സിനിമാ താര സംഘടനയായ അമ്മയുടെ പിന്തുണ .നടൻ മോശമായി പെരുമാറിയെന്ന പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കും. സരയൂ , വിനു മോഹൻ , അൻസിബ എന്നിവരാണ് മൂന്നംഗസമിതി. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശം.
റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്നാണ് അമ്മ വിശദമാക്കിയത്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഒരു അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്നിരുന്നു. നടൻ്റെ പേര് രഹസ്യമായി വെളിപ്പെടുത്താൻ വിൻസി തയ്യാറാണെങ്കിൽ നടനെതിരെ നടപടിയെടുക്കുമെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു .
‘ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വെച്ച് സിനിമ ചെയ്യില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ, പോസ്റ്റിന് വന്ന കുറച്ച് കമൻ്റുകൾ വായിച്ചതിനുശേഷം പ്രശ്നം വ്യക്തമാക്കാൻ ഞാൻ തീരുമാനിച്ചു. കമൻ്റുകൾ വായിച്ചപ്പോൾ, ആളുകൾക്ക് ഈ വിഷയത്തെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി. മയക്കുമരുന്നിനെക്കുറിച്ച് ഞാൻ ആ പ്രസ്താവന നൽകിയപ്പോൾ, അതെ, എനിക്ക് എൻ്റെ കാരണങ്ങളുണ്ടായിരുന്നു. മയക്കുമരുന്നിന് അടിമയായ ഒരു നായകൻ എന്നോട് മോശമായി പെരുമാറുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഒരു സിനിമാ സെറ്റിൽ വച്ചായിരുന്നു അത് ‘ എന്നാണ് കഴിഞ്ഞ ദിവസം വിൻസി വെളിപ്പെടുത്തിയത്.
ലൊക്കേഷനില്‍വെച്ച് എന്റെ വസ്ത്രത്തിന്റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്നംവന്നപ്പോള്‍ അടുത്തുവന്നിട്ട് ‘ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം’ എന്നൊക്കെ നടന് പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു” എന്നും വിൻസി പറഞ്ഞിരുന്നു. പിന്നാലെയാണ് അത് ഷൈൻ ടോം ചാക്കോ ആണെന്ന വെളിപ്പെടുത്തൽ ഉണ്ടായത്.

