കൊൽക്കത്ത : ബംഗാളിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷം പേരുകൾ നീക്കം ചെയ്തു . പട്ടികയിലെ 24 ലക്ഷം പേർ മരിച്ചവരാണ് . 19 ലക്ഷം പേർ സ്ഥലം മാറി പോയവരുമാണ്. അതേസമയം മമത ബാനർജി സർക്കാർ എസ്ഐആറിനെതിരെ രംഗത്തെത്തി.ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ഒരു വോട്ടറുടെ വീട്ടിൽ മൂന്നോ അതിലധികമോ തവണ അയാളെ അന്വേഷിച്ച് പോയാലും, അതിനുശേഷവും വോട്ടറെ കണ്ടെത്തിയില്ലെങ്കിൽ, അയാളെ കാണാതായ പട്ടികയിൽ ഉൾപ്പെടുത്തും.
കൂടാതെ, സംസ്ഥാനത്ത് ആകെ 19,93,087 വോട്ടർമാർ വിലാസം മാറ്റിയിട്ടുണ്ട്. ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേരുള്ളവരെയും ഒഴിവാക്കി . ആകെ 137,575 വോട്ടർമാരെ “വ്യാജ” വോട്ടർമാരാണെന്ന് കമ്മീഷൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പേരുകളും കരട് പട്ടികയിൽ ഉൾപ്പെടുത്തില്ല. കൂടാതെ, 57,509 പേരെ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവരും ഒഴിവാക്കപ്പെടും.
പട്ടികയിൽ പരാതികളോ പിശകുകളോ ഉണ്ടെങ്കിൽ, അവ കമ്മീഷനെ അറിയിക്കണമെന്നും നിർദേശമുണ്ട് . ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാദം കേൾക്കൽ നടത്തും. തെളിവുകൾ പരിശോധിച്ച ശേഷം കമ്മീഷൻ അന്തിമ പട്ടിക തയ്യാറാക്കും.
അതേസമയം എസ് ഐ ആറിനെ എതിർത്ത് മമത ബാനർജി രംഗത്തെത്തി. തിരഞ്ഞെടുപ്പിന് മുമ്പ് യോഗ്യരായ ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ എസ്ഐആറിനെ ഉപയോഗിച്ച് ഇല്ലാതാക്കാൻ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു.
എന്നാൽ മരിച്ചവരുടെയും വ്യാജ വോട്ടർമാരുടെയും പേരുകൾ നീക്കം ചെയ്യുന്നതിനാൽ അധികാരം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് മമത ബാനർജി പ്രശ്നം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

