വടക്കാഞ്ചേരി: കെഎസ്യു പ്രവർത്തകരെ മുഖം മൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജഹാനെ തലസ്ഥാന നഗരിയിലേയ്ക്ക് സ്ഥലം മാറ്റി . കമ്മീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എഡിജിപി എസ് ശ്രീജിത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ് ആസ്ഥാനത്ത് ഉടൻ ഹാജരാകാൻ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രമസമാധാനപാലനത്തിൽ നിരന്തരം പരാജയപ്പെടുന്ന ഷാജഹാനെതിരെ സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖം മൂടി ധരിപ്പിക്കാൻ നിർബന്ധിക്കുന്നതിനെക്കുറിച്ച് ഉത്തരവിൽ ഒന്നും പരാമർശിച്ചിട്ടില്ല. ഷാജഹാൻ നിലവിൽ രണ്ട് അച്ചടക്ക നടപടികൾ നേരിടുന്നുണ്ട്.
വിദ്യാർത്ഥീ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ മുഖം മൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ വീഴ്ച്ച വന്നതായി സിറ്റി പൊലീസ് കമ്മീഷൻ ആർ ഇളങ്കോവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ്.എച്ച്.ഒ സ്ഥാനത്തുനിന്ന് നീക്കിയത്. ഇയാൾക്ക് പുതിയ ചുമതലകൾ നൽകിയിട്ടില്ല.മുഖം മൂടി ധരിപ്പിച്ച് വിദ്യാർത്ഥീ നേതാക്കളെ ഹാജരാക്കിയ നടപടിയെ കോടതിയും ചോദ്യം ചെയ്തിരുന്നു.എന്തിനാണ് ഇവരെ മുഖംമൂടി ധരിപ്പിച്ചിരിക്കുന്നതെനായിരുന്നു കോടതി ചോദിച്ചത്.
പിന്നാലെ കോൺഗ്രസും , കെ എസ് യുവും പ്രതിഷേധവുമായി രംഗത്തെത്തി. ഡി.ഐ.ജി ഓഫീസിലേക്ക് യൂത്ത് കോണ്ഗ്രസ് മുഖംമൂടി മാർച്ച് സംഘടിപ്പിക്കുകയും ചെയ്തതിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധം അക്രമാസക്തമായിരുന്നു.

