തിരുവനന്തപുരം: ബീഹാറുമായി ബന്ധപ്പെട്ട് വിവാദ എക്സ് പോസ്റ്റിന് പിന്നാലെ വി.ടി. ബൽറാമിന് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ബൽറാമിനെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ബൽറാം രാജിവച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.പോസ്റ്റിന്റെ പേരിൽ ബൽറാമിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല ബൽറാം ഇപ്പോഴും തുടരുന്നു. അദ്ദേഹം രാജിവച്ചിട്ടില്ല, പാർട്ടി നടപടിയും നേരിട്ടിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്റെ പോസ്റ്റുകൾ പാർട്ടിയെ പിന്തുണയ്ക്കുന്ന പ്രൊഫഷണലുകളാണ് തയ്യാറാക്കുന്നത്. സോഷ്യൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കുക എന്നത് ഇതിനകം പാർട്ടിയുടെ അജണ്ടയിലുണ്ട്,” സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, തന്റെ റോളിൽ നിന്ന് താൻ പിന്മാറിയിട്ടില്ലെന്നും വി ടി ബൽറാം വ്യക്തമാക്കി. ‘ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഞാൻ രാജിവച്ചിട്ടില്ല, നീക്കം ചെയ്തിട്ടുമില്ല. എക്സ് പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്ന ടീമിൽ നിന്ന് ഒരു തെറ്റ് സംഭവിച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ, അനുചിതമായ പോസ്റ്റ് തിരുത്താൻ ഞാൻ സംഘടനാപരമായി ഇടപെട്ടു. പാർട്ടി നേതൃത്വത്തിന് ഇത് നന്നായി അറിയാം.
കെ പി സി സി വൈസ് പ്രസിഡന്റ് എന്ന നിലയിൽ, സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്നത് എനിക്ക് നൽകിയിരിക്കുന്ന നിരവധി ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. എങ്കിലും, ഈ റോൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ എനിക്ക് വേണ്ടത്ര സമയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മാസങ്ങളായി ഞാൻ നേതൃത്വത്തെ അറിയിച്ചുകൊണ്ടിരുന്നു. എന്നിട്ടും, ഞാൻ ഡിഎംസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും കെപിസിസി പുനഃസംഘടനയും കണക്കിലെടുത്ത്, സോഷ്യൽ മീഡിയ വിഭാഗത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ, പാർട്ടി അത് ശരിയായ സമയത്ത് പ്രഖ്യാപിക്കും, ‘ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കോണ്‍ഗ്രസ് കേരളഘടകത്തിന്റെ എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ് തിരിച്ചടിയായതോടെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയര്മാന് സ്ഥാനത്തുനിന്ന് വി.ടി. ബല്‍റാം ഒഴിഞ്ഞിരുന്നു.ബീഹാറും ബീഡിയും തുടങ്ങുന്നത് ബിയിൽ നിന്നാണ് . ഇനി അത് ഒരു പാപമായി കണക്കാക്കാനാകില്ല എന്നായിരുന്നു കോൺഗ്രസ് അക്കൗണ്ടിൽ വന്ന കുറിപ്പ്. പുകയിൽ ഉല്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതായിരുന്നു ഉള്ളടക്കം . എന്നാൽ ബീഹാറിനെ ഇകഴ്ത്തിക്കാണിച്ചെന്നാരോപിച്ച് ബിജെപി ദേശീയതലത്തില്‍ കുറിപ്പ് പ്രചാരണായുധമാക്കിയതോടെയാണ്, വാക്ക് പിഴച്ചുവെന്ന് കോണ്‍ഗ്രസിന് ബോധ്യമായത്.

