തിരുവനന്തപുരം: സ്വർണ്ണ നിക്ഷേപ പദ്ധതി പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് 467 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിന് കൈമാറിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . പൂജകൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ സ്വർണം ഉപയോഗിക്കുന്നില്ലെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
‘ശബരിമലയിൽ ഉയർന്നുവന്ന സ്വർണ്ണ പൂശൽ വിവാദത്തിൽ മാത്രമല്ല, ശ്രീകോവിൽ സ്വർണ്ണം പൂശിയ വിജയ് മല്യയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ ഞങ്ങൾ ഹൈക്കോടതിയോട് അഭ്യർത്ഥിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 18 സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരുന്ന കാറ്റഗറി സിയിൽ പെട്ട 467 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിന് കൈമാറി. കാറ്റഗറി എ പുരാതന സ്വഭാവമുള്ളതും ഉത്സവ ആവശ്യങ്ങൾക്കുള്ള സ്വർണ്ണം ബി വിഭാഗത്തിൽ പെട്ടതുമാണ്. ഇത് കൃത്യമായി കണക്കിലെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.
‘ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണം പൂശിയതിന്റെയും വിഗ്രഹങ്ങളിലെ പീഠത്തിന്റെയും അറ്റകുറ്റപ്പണികൾ മാത്രമല്ല, 1999-ൽ ശ്രീകോവിൽ സ്വർണ്ണം പൂശിയതുമുതൽ മദ്യവ്യവസായി വിജയ് മല്യ നടത്തിയ പ്രവർത്തനങ്ങളും അന്വേഷിക്കണം. ഇതിനായി ഞങ്ങൾ ഉടൻ കോടതിയെ സമീപിക്കും,’ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
1998 ലാണ് വിജയ് മല്യ ശബരിമലയിൽ 30 കിലോയോളം സ്വർണ്ണം വഴിപാടായി സമർപ്പിച്ചത് . എന്നാൽ അതിന്റെ രേഖകൾ കണ്ടെത്താനാകാതെ വലയുകയാണ് ദേവസ്വം വിജിലൻസ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ നിന്നാണ് ഈ രേഖകൾ കാണാതായത്.

