തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. ചികിത്സയിലിരിക്കെ അനന്തപുരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം . കെപിസിസി പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ച തെന്നല ബാലകൃഷ്ണപിള്ള, അടൂർ നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ രാജ്യസഭാംഗവുമായി.
1930 മാർച്ച് 11 ന് കൊല്ലത്തെ ശൂരനാട് പരേതനായ എൻ ഗോപാലപിള്ളയുടെയും എൻ ഈശ്വരി അമ്മയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ എംജി കോളേജിൽ നിന്ന് ബിരുദം നേടി. അഞ്ച് വർഷത്തിലേറെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു അദ്ദേഹം. 1977 ലും 1982 ലും അടൂരിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.കേരള അയ്യപ്പ സേവാസംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഭാര്യ സതീദേവി . മൃതദേഹം ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ മുക്കോലയിലുള്ള വസതിയിലേക്ക് കൊണ്ടുവരും. സംസ്കാരം പിന്നീട് .

