കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8 ന് കോടതി വിധി പറയും. കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും ആണ്. 2017 ഫെബ്രുവരി 17 ന് ഓടുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടുവെന്നാണ് കേസ് .
തുടക്കത്തിൽ 12 പ്രതികളുണ്ടായിരുന്നു. അവരിൽ ഒരാളെ മാപ്പുസാക്ഷിയാക്കി, മറ്റ് രണ്ട് പേരെ ഒഴിവാക്കി. കേസിലെ അന്തിമ വാദങ്ങൾ മാസങ്ങൾക്ക് മുമ്പ് പൂർത്തിയായി. ഏപ്രിൽ 9 ന് പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർത്തിയായിരുന്നു . കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സിബിഐ ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ വാദം. കേസിൽ ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
കേസിൽ 2017 ജൂലൈയിൽ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു . കുറച്ചുകാലം റിമാൻഡിലായിരുന്ന നടന് പിന്നീട് ജാമ്യം ലഭിച്ചു. 2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ചു. 2018 മാർച്ച് 8 ന് വിചാരണ നടപടികൾ ആരംഭിച്ചു. 2019 നവംബർ 29 ന് ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 2024 സെപ്റ്റംബർ 17 ന് പൾസർ സുനിക്ക് ജാമ്യം ലഭിച്ചു. 2024 ഡിസംബർ 11 ന് കേസിൽ അന്തിമ വാദം ആരംഭിച്ചു. 2025 ഏപ്രിൽ 9 ന് പ്രതിഭാഗത്തിന്റെ വാദവും പൂർത്തിയായി.

