തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിക്കപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . വീട്ടിൽ എത്തിയാണ് അദ്ദേഹം സുജിത്തിനെ കണ്ടത് . വളരെ ശക്തമായ ഭാഷയിലാണ് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. “സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നത് കാത്തിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകനെ മർദിച്ച ഒരു പോലീസുകാരനും കാക്കി ധരിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങില്ല,” വി ഡി സതീശൻ പറഞ്ഞു.
പ്രതിഷേധത്തിന്റെ നിലവിലെ സ്വരം മാറുമെന്നും, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധം കോൺഗ്രസ് പ്രകടിപ്പിക്കുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനിലെ ക്രൂരമായ മർദ്ദനം സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കമെന്നും സതീശൻ പറഞ്ഞു.
സെപ്റ്റംബർ 10 ന് കേരളത്തിലുടനീളമുള്ള പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് ബഹുജന പ്രതിഷേധ യോഗം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കസ്റ്റഡി പീഡനത്തിനെതിരെ പ്രതികരിച്ച് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ രംഗത്ത്വന്നിരുന്നു. കസ്റ്റഡി മർദ്ദനം ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു.
“സംഭവത്തിൽ കർശന നടപടിയെടുക്കും. ദൃശ്യങ്ങൾ പുറത്തുവന്നതിനാൽ ശരിയായ അന്വേഷണം നടത്തും. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും,” ഡിജിപി പറഞ്ഞു. 2023 ഏപ്രിൽ 5 ന് തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ചത്. പോലീസിന്റെ ഭീഷണി ചോദ്യം ചെയ്തതിന് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് പോലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവിലൂടെ ഒടുവിൽ ദൃശ്യങ്ങൾ ലഭിച്ചത്.

