കോഴിക്കോട് : വടകരയിൽ മൂന്ന് അധ്യാപകർ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യപ്രതി 22 കാരനെന്ന് സൂചന. അറസ്റ്റിലായ അധ്യാപകരുടെയും ഡെലിവറി ബോയിയുടെയും വാട്ട്സ്ആപ്പ് സന്ദേശങ്ങളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശിയായ 22 കാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പല ജില്ലകളിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നത് ഇയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മയക്കുമരുന്ന് വിൽക്കുന്നതിനിൽ അധ്യാപകർക്ക് ലഭിച്ച പണം ഡെലിവറി ബോയ് വഴിയാണ് ഇയാൾക്ക് കൈമാറിയത്. വയനാട് സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ അധ്യാപികയും മരുതോങ്കര സ്വദേശിയുമായ കീർത്തന (31), ചെരുവാളൂർ ഗവൺമെന്റ് എൽപി സ്കൂളിലെ ഓട്ടിസം സെന്ററിലെ അധ്യാപികയും കൂരാച്ചുണ്ടു ചെറുകാട് സ്വദേശിയുമായ കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ അധ്യാപികയും ആവള കുട്ടോത്ത് വലിയപറമ്പിൽ താമസിക്കുന്നതുമായ വി.പി. നീഷ്മ, ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ആറ് മാസത്തിനിടെ ജിജിലിന്റെ അക്കൗണ്ടിൽ ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സൈബർ സെൽ ജിജിലിന്റെ ഫോൺ പരിശോധിച്ചുവരികയാണ്.

