ഡബ്ലിൻ: അയർലൻഡിൽ വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ച് ആരംഭിച്ച റോഡ് സുരക്ഷാ പരിശോധനയുടെ ആദ്യ ദിനം തന്നെ കണ്ടെത്തിയത് ആയിരത്തോളം നിയമലംഘനങ്ങൾ. അമിതവേഗത, സീറ്റ്ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കൽ തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആരംഭിച്ച പോലീസിന്റെ ദൗത്യം ചൊവ്വാഴ്ച രാവിലെവരെ തുടരും.
വ്യാഴാഴിച്ച 760 ഡ്രൈവർമാരാണ് അമിതവേഗതയിൽ വാഹനമോടിച്ചത്. ഇതിൽ കിൽഡെയർ, മൊനാഘൻ, ക്ലെയർ എന്നീ കൗണ്ടികളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനമോടിച്ചതിന് 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ്ബെൽറ്റ് ധരിക്കാതെയും മൊബൈൽ ഫോൺ ഉപയോഗിച്ചും വാഹനമോടിച്ചതിന് 90 ഡ്രൈവർമാരും അറസ്റ്റിലായി. അതേസമയം ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 108 ആയി.

