തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കമലേശ്വരം ആര്യങ്കുഴി ശാന്തി ഗാർഡൻസ് രണ്ടാം സ്ട്രീറ്റിലെ എസ്ജിആർഎ 42 എയിലെ എസ്എൽ സജിത രാജിനെയും മകൾ ഗ്രീമ എസ് രാജിനെയും ബുധനാഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണന് പങ്കുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു. ഇതിനിടെ രാജ്യം വിടാൻ ശ്രമിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്റ്റേഷൻ ക്രൈം എസ്ഐ ശ്രീകേഷിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി കൊച്ചിയിൽ കൊണ്ടുവന്ന പ്രതിയെ ഇന്നലെ വൈകുന്നേരം പോലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു.
ഉണ്ണികൃഷ്ണന്റെ ഫോൺ വിശദമായി പരിശോധിച്ചപ്പോൾ അന്താരാഷ്ട്ര തലത്തിലുള്ളവ ഉൾപ്പെടെ സ്വവർഗാനുരാഗി ഗ്രൂപ്പുകളിൽ ഇയാൾ സജീവമാണെന്ന് കണ്ടെത്തി. ഉണ്ണികൃഷ്ണൻ പലപ്പോഴും പുരുഷ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
ചില ബന്ധുക്കൾ പറയുന്നതനുസരിച്ച്, ഉണ്ണികൃഷ്ണൻ ഗ്രീമയേക്കാൾ തന്റെ പുരുഷ സുഹൃത്തുക്കളെയാണ് ഇഷ്ടപ്പെട്ടത്. ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുണ്ടെങ്കിലും, ഭർത്താവ് തന്നിലേക്ക് തിരിച്ചുവരുമെന്ന് ഗ്രീമ വിശ്വസിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, താൻ നിരപരാധിയാണെന്നും ആത്മഹത്യയ്ക്ക് ഒരു തരത്തിലും പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോലീസിനോട് പറഞ്ഞത് . സജിതയുടെ അമിതമായ സ്നേഹവും സ്വാർത്ഥതയും തങ്ങളുടെ ബന്ധത്തിൽ വിള്ളലിന് കാരണമായെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു.
സജിതയുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ഗ്രീമ ഒരു തീരുമാനമെടുക്കൂ എന്നും ഈ ബന്ധത്തിൽ തനിക്ക് പരിഗണന ഇല്ലായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോലീസിനോട് പറഞ്ഞു. സജിതയുടെയും ഗ്രീമയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണത്തിന് കാരണമായത് സയനൈഡാണോ എന്ന് പോലീസിന് സ്ഥിരീകരിക്കാൻ കഴിയൂ.

