തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി. തനിക്ക് നൽകിയത് ചെമ്പ് പാളികളാണെന്നും മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. അതിനു മുകളിൽ സ്വർണം ഉണ്ടെന്ന കാര്യം താൻ ഇപ്പോഴാണ് അറിയുന്നത്. സത്യമറിയാതെ വാർത്ത നൽകരുതെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിലും നിയമത്തിലും തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാം ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന് പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്. പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.
ശ്രീകോവിലിന് പുതിയ വാതിൽ പണിയാൻ ദേവസ്വം തന്നോട് ആവശ്യപ്പെട്ടതായും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് അവർ തന്നെ സമീപിച്ചതെന്നും അഞ്ച് സുഹൃത്തുക്കൾ ഒരുമിച്ച് അത് ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു
ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോള്‍ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണന് പോറ്റി നിഷേധിച്ചു. ആരോപണങ്ങളില്‍ പറയുന്ന വിധത്തില്‍ 39 ദിവസങ്ങള്‍ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്. പാളികളില്‍ അറ്റകുറ്റ പണി നിര്‍ദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്.
സ്വർണപ്പാളി താൻ പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി എത്തിച്ചിരുന്നതായും പീഠത്തിൽ സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

