കോഴിക്കോട് : അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ നേരത്തെ സൂചന നൽകിയിരുന്നു. ഓമശ്ശേരിയിലെ അബൂബക്കർ സിദ്ദിഖിന്റെ മകനാണ്.
അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 52 കാരിയായ സ്ത്രീയും മരിച്ചു. മലപ്പുറത്തെ കാപ്പിൽ സ്വദേശിനിയായ റംലയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായ ശേഷം ഓഗസ്റ്റ് 26 ന് ഡിസ്ചാർജ് ചെയ്യാൻ തുടങ്ങുന്നതിനിടെ വീണ്ടും പനിയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. വീടിനടുത്തുള്ള കുളത്തിൽ നിന്നാണ് റംലയ്ക്ക് രോഗം പിടിപെട്ടത്. ഈ കുളത്തിൽ അമീബയുടെ സാന്നിധ്യം പഞ്ചായത്ത് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

