തിരുവനന്തപുരം : ഇസ്രായേൽ-ജോർദാൻ അതിർത്തിയിൽ മലയാളി വെടിയേറ്റ് മരിച്ചു . തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. ജോർദാനിൽ നിന്ന് ഇസ്രായേലിലേക്കുള്ള അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റതായാണ് സൂചന . അദ്ദേഹത്തിന്റെ കുടുംബത്തിന് അടുത്തിടെ വിവരം ലഭിച്ചു
ഗബ്രിയേല്‍ പെരേരയുടെ മരണം ജോർദാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ഗബ്രിയേല്‍ ഫെബ്രുവരി 5 നാണ് തന്റെ അകന്ന ബന്ധുവായ എഡിസണിനൊപ്പം ഇസ്രായേലിലേക്ക് പോയത്.
ഫെബ്രുവരി 9 വരെ ഭാര്യ ക്രിസ്റ്റീനയെ ഫോണിൽ വിളിച്ചിരുന്നു . പിന്നീട് ഗബ്രിയേലിന്റെ വിവരങ്ങൾ അറിയാതെ വന്നതോടെ കുടുംബം നോർക്കയുടെ സഹായം തേടി. ഇതിനിടെ ഗബ്രിയേലിനൊപ്പം വെടിയേറ്റ എഡിസൺ പരിക്കുകളോടെ നാട്ടിലേക്ക് തിരിച്ചെത്തി.എഡിസന് വഴിയാണ് ഗബ്രിയേലിന്റെ മരണം ബന്ധുക്കള്‍ ആദ്യം അറിയുന്നത്.കാലിൽ വെടിയേറ്റ എഡിസന് വെടിയേറ്റതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടു. പിന്നീട് ഇസ്രായേൽ സൈന്യം ഇയാളെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഇസ്രായേലിൽ തടവിലാണെന്ന് റിപ്പോർട്ടുണ്ട്.