കൊല്ലം: നോട്ട്സ് എഴുതാത്തതിന് പ്രിൻസിപ്പൽ വിദ്യാർത്ഥിയുടെ കൈ അടിച്ചൊടിച്ചതായി പരാതി. മയ്യനാട് സ്വദേശിയായ 16 വയസ്സുകാരനാണ് ക്രൂരമായ മർദ്ദനമേറ്റത്. മേവറത്തെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം.
നാഷണൽ സർവീസ് സ്കീം ക്യാമ്പിൽ പങ്കെടുക്കേണ്ടി വന്നതിനാൽ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിക്ക് ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ മകനെ രണ്ട് ദിവസം സെന്ററിൽ ഇരുത്തി, സ്കൂളിൽ പോകാൻ അനുവദിക്കാതെ നോട്ട്സ് എഴുതാൻ നിർബന്ധിച്ചുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വൈകുന്നേരം ക്ലാസിലെത്തിയ പ്രിൻസിപ്പൽ നോട്ട്സ് പൂർത്തിയാക്കാത്തതിന് കുട്ടിയെ ചൂരൽ കൊണ്ട് തല്ലുകയായിരുന്നു .
ട്യൂഷൻ സെന്ററിന്റെ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ച് ഇതിനെക്കുറിച്ച് അറിയിച്ചത്. മകന്റെ കൈയിൽ ചെറിയ പരിക്കുകളുണ്ടെന്നും അതിനാൽ അവനെ വീട്ടിൽ വിടുകയാണെന്നുമാണ് ട്യൂഷൻ സെന്ററിന്റെ ഉടമ പറഞ്ഞത് . രാത്രിയിൽ കുട്ടിയുടെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് മുറിവുകൾ കണ്ടത്. കുട്ടിയുടെ ദേഹമാസകലം മർദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് മാതാപിതാക്കൾ പറഞ്ഞു

