പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ചമ്പക്കുഴിയിലെ മൂച്ചക്കുണ്ടിൽ താമസിക്കുന്ന ആദിവാസി സമുദായാംഗമായ വെള്ളയനെയാണ് പട്ടിണി കിടന്ന് അവശനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജോലി ചെയ്യുന്ന റിസോർട്ടിൽ നിന്ന് ലഭിച്ച കുപ്പിയിൽ ഉണ്ടായിരുന്ന മദ്യം കഴിച്ചതിനാണ് റിസോർട്ട് ഉടമ വെള്ളയനെ ഉപദ്രവിച്ചത്. വെള്ളയനെ റിസോർട്ട് പരിസരത്തോട് ചേർന്നുള്ള ഒരു കെട്ടിടത്തിലെ മുറിയിലാണ് പൂട്ടിയിട്ടത് . റിസോർട്ടിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി പ്രാദേശിക ദലിത് നേതാവ് ശിവരാജനെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. തുടർന്ന് അദ്ദേഹം മുൻ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു.
പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു സംഘം യുവാവിനെ അന്വേഷിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം റിസോർട്ടിലേക്ക് പോയി. എന്നാൽ റിസോർട്ട് ഉടമ ഇവരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നിട്ടും പിന്മാറാതെ, തെരച്ചിൽ നടത്തിയ സംഘം ഒരു മുറിയിൽ വെള്ളയനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും യുവാവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ആറ് ദിവസത്തെ തടവിൽ കഴിയുമ്പോൾ തന്നെ ചവിട്ടിയതായും ദിവസത്തിൽ ഒരിക്കൽ മാത്രമേ ഭക്ഷണം നൽകിയിരുന്നുള്ളൂവെന്നും വെള്ളയൻ പൊലീസിനോട് പറഞ്ഞു .

