കൊച്ചി: ഓടുന്ന ബസിൽ നിന്ന് വീണ് 16 കാരൻ മരിച്ചു. ചെല്ലാനം സ്വദേശിയായ പവൻ ആണ് മരിച്ചത് . ഇന്നലെ രാത്രി 7 മണിയോടെ എറണാകുളം ചെല്ലാനത്താണ് സംഭവം. പവൻ ബസിൽ കയറുമ്പോൾ വലിയ തിരക്കുണ്ടായിരുന്നില്ല. ആദ്യം സീറ്റിൽ ഇരുന്ന കുട്ടി കുറച്ചു സമയത്തിനുശേഷം, സീറ്റിൽ നിന്ന് എഴുന്നേറ്റ് ബസിന്റെ ഫുട്ബോർഡിൽ നിന്നു.
പവൻ ബസിന്റെ ഫുട്ബോർഡിൽ നിന്ന് അബദ്ധത്തിൽ വീണതാണോ അതോ മനഃപൂർവ്വം ചാടിയതാണോ എന്ന് വ്യക്തമല്ല. ബന്ധുക്കളുടെയും മറ്റുള്ളവരുടെയും മൊഴിയെടുത്ത ശേഷമേ ഇക്കാര്യം വ്യക്തമാകൂ. റോഡിൽ വീണ പവനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാവിലെ മരിച്ചു. വാതിൽ തുറന്നിട്ട നിലയിൽ വാഹനമോടിച്ചതിന് സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.