കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും എസ് യു വിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. . വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം. തേവലക്കര സ്വദേശി പ്രിൻസ് തോമസും (44) , മക്കളായ അതുൽ (14), അൽക്ക (5) എന്നിവരാണ് മരിച്ചത് . പ്രിൻസിന്റെ ഭാര്യ വിന്ദ്യ , മകൾ ഐശ്വര്യ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ചേർത്തലയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്ന് വന്ന എസ് യു വിയും ദേശീയപാതയിൽ നേർക്കുനേർ ഇടിച്ചുകയറുകയായിരുന്നു . ബസിന്റെ മുൻഭാഗവും തകർന്നു. എസ് യുവി വെട്ടിപൊളിച്ചാണ് അഞ്ചു പേരെയും പുറത്തെടുത്തത് . ഡ്രൈവിംഗിനിടെ പ്രിൻസ് ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിന്ദ്യയുടെ സഹോദര പുത്രനെ യുഎസിലേക്ക് യാത്രയ്ക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങി വരികയായിരുന്നു കുടുംബം . അതുൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും അൽക്ക എൽകെജി വിദ്യാർത്ഥിനിയുമായിരുന്നു. ഐശ്വര്യ പ്ലസ് ടു വിദ്യാർത്ഥിനിയാണ് .

