തിരുവനന്തപുരം : ഓണം ബമ്പർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയതോടെയാണ് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശിയായ അനൂപ് താരമായി മാറിയത് . ലോട്ടറി അടിച്ചതിനു ശേഷം സഹായം തേടി വീട്ടിലെത്തിയ ആളുകളുടെ അനുഭവങ്ങൾ അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. അടുത്തിടെ അനൂപ് ഒരു റെസ്റ്റോറന്റ് ആരംഭിച്ചിരുന്നു.
സമ്മാന തുകയുടെ പകുതി മാത്രമേ തനിക്ക് ലഭിച്ചുള്ളൂവെന്നാണ് അനൂപ് ഇപ്പോൾ പറയുന്നത് . സംസ്ഥാന ലോട്ടറി വകുപ്പിൽ നിന്ന് 15 കോടി രൂപ ലഭിച്ചെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നികുതി അടയ്ക്കേണ്ടി വന്നതായി സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ അനൂപ് പറഞ്ഞു. താൻ ഇതുവരെ ലോട്ടറി അടിച്ച തുക ഉപയോഗിച്ചിട്ടില്ലെന്നും അതിൽ നിന്നുള്ള പലിശയിൽ നിന്നാണ് ചെലവുകൾ നടത്തുന്നതെന്നും അനൂപ് പറയുന്നു.
“ഞാൻ ആ പലിശ ഉപയോഗിച്ചാണ് ബിസിനസ്സ് ആരംഭിച്ചത് . മറ്റൊരാൾ വിറ്റ ഒരു പഴയ വീടാണ് വാങ്ങിയത് . ഒരു ബിഎംഡബ്ല്യു കാർ വാങ്ങുക എന്നത് എന്റെ വളരെക്കാലത്തെ ആഗ്രഹമാണ്, പക്ഷേ എന്റെ കൈവശം പണമുണ്ടെങ്കിലും ഞാൻ അത് വാങ്ങിയിട്ടില്ല,” അനൂപ് പറഞ്ഞു.
വിജയത്തിന് തൊട്ടുപിന്നാലെ, അനൂപ് ഒരു റെസ്റ്റോറന്റ് തുറക്കുമെന്ന് പറഞ്ഞിരുന്നു. രണ്ട് വർഷത്തിന് ശേഷം, കൈതമുക്കിൽ ‘ഹാപ്പി’ എന്ന റെസ്റ്റോറന്റ് ആരംഭിച്ചു. നേരത്തെ മണക്കാട് ലോട്ടറി ടിക്കറ്റ് ബിസിനസ്സ് നടത്തിയിരുന്നു. പക്ഷേ സമയപരിമിതി കാരണം അത് അടച്ചുപൂട്ടി.

