തിരുവനന്തപുരം: കസ്റ്റഡിയിൽ എടുത്ത പ്രതിയെ മൂന്നാം മുറ രീതിയിൽ പീഡിപ്പിച്ച തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. വാഹന മോഷണ കേസിൽ അറസ്റ്റിലായ പ്രതിയെ ക്രൂരമായി മർദ്ദിച്ചതിനാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. ഗ്രേഡ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, പോലീസുകാരായ സുനിൽ, ഗിരീഷ്, സിജു കുമാർ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട പോലീസുകാർ.
കോട്ടയം സ്വദേശിയായ ജിനു ബേബിയെയും തിരുവനന്തപുരത്തെ ഉണ്ണിയെയും ബൈക്ക് മോഷണ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ ജിനുവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി കണ്ടെത്തിയിരുന്നു. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ജിനുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നപ്പോൾ മർദ്ദിച്ചു. സിസിടിവി പരിശോധനയിലാണ് മർദ്ദന വിവരം വെളിപ്പെട്ടത്.
തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇരുവരും മോഷ്ടിച്ചതായാണ് കേസ് . സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പതിവ് മോഷ്ടാവായ ജിനുവിനെ പോലീസ് തിരിച്ചറിഞ്ഞു. ഫോർട്ട് പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഡാൻസാഫ് സംഘം ജിനുവിനെ പിടികൂടി സെൻട്രൽ പോലീസിന് കൈമാറി. തുടർന്ന് ഫോർട്ട് പോലീസ് ജിനുവിനെയും കൂട്ടുപ്രതിയായ ഉണ്ണിയെയും മറ്റൊരു പ്രായപൂർത്തിയാകാത്തയാളെയും കസ്റ്റഡിയിലെടുത്തു. മോഷണക്കുറ്റം തെളിഞ്ഞപ്പോൾ, ജിനുവിനെയും ഉണ്ണിയെയും മാത്രമേ കേസിൽ പ്രതികളാക്കിയിട്ടുള്ളൂ, പ്രായപൂർത്തിയാകാത്തയാളെ ഒഴിവാക്കി. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും റിമാൻഡ് ചെയ്തു. ജിനുവിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി.
തുടർന്ന് ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ജിനുവിന്റെ വൃക്കകൾ തകരാറിലായതായി കണ്ടെത്തി. കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൈയിൽ ശസ്ത്രക്രിയ നടത്തിയ ശേഷം ജിനുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഉണ്ണിയും ചികിത്സയിലാണ്. കൊച്ചിയിൽ പിടിക്കപ്പെട്ട പ്രതിയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.

