കൊച്ചി ; വിവാദമായ ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബഞ്ച് . ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു . ഇതിനെതിരെ നിർമ്മാതാക്കൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഇന്നലെ രാത്രി വൈകി വാദം കേട്ടിരുന്നു . ഇതിനെത്തുടർന്ന്, റിലീസ് ചെയ്യാൻ അനുമതി നൽകി ഡിവിഷൻ ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. റിലീസ് നിർത്തിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.
ചിത്രത്തിന്റെ സർട്ടിഫിക്കേഷനെ എതിർക്കുന്ന ഹർജികൾക്ക് പൊതുതാൽപ്പര്യ ഹർജികളുടെ സ്വഭാവമാണെന്നും സിംഗിൾ ബെഞ്ചിന് അവ എങ്ങനെ കേൾക്കാൻ കഴിയുമെന്നും ഡിവിഷൻ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് സുശ്രുത് എ ധർമ്മാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ചിത്രത്തിന്റെ ടീസറിലെ ഉള്ളടക്കം പ്രഥമദൃഷ്ട്യാ പൊതുക്രമത്തിനും സാമുദായിക ഐക്യത്തിനും വിഘാതം സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. സിനിമ കാണാൻ കോടതി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും നിർമ്മാതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചില്ല. ചിത്രം ഒരു മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നില്ലെന്ന് നിർമ്മാതാക്കൾ അപ്പീലിൽ വാദിച്ചു. കഥാപാത്രങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാലാണ് ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന പേര് തിരഞ്ഞെടുത്തതെന്നും അവർ പറഞ്ഞിരുന്നു.

