കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രോസിക്യൂഷൻ ഹാജരാക്കിയ നിർണായക ഡിജിറ്റൽ തെളിവുകൾ നിസ്സാരകാര്യങ്ങളുടെ പേരിൽ വിചാരണക്കോടതി തള്ളിക്കളഞ്ഞുവെന്നതാണ് സർക്കാരിന്റെ പ്രധാന വാദം.
സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ ദൃശ്യങ്ങളും, ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളും കോടതി ഗൗരവമായി പരിഗണിച്ചില്ല. സാങ്കേതികവും നിസ്സാരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗുരുതരമായ തെളിവുകൾ തള്ളുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും മറ്റ് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഈ അപ്പീൽ നടപടികളുമായി മുന്നോട്ട് പോകുന്നത്. വിചാരണക്കോടതി വിധിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് പ്രോസിക്യൂഷൻ ഒരുങ്ങുകയാണ്.
കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു . ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ഗൂഢാലോചനയുടെ ഫലമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളിയിരുന്നു
മലയാള സിനിമയിലെ പ്രമുഖ നായികാതാരത്തെ കാർ തടഞ്ഞുനിർത്തി ഉപദ്രവിച്ചതായാണ് കേസ് . അങ്കമാലിയിലെ അത്താണിക്കു സമീപത്തായിരുന്നു സംഭവം. കാറിൽ അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ആക്രമിക്കുന്നതിന്റെ വീഡിയോയും പകർത്തി. തുടർന്ന്, സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ നടി വിവരം പറഞ്ഞു. ലാൽ പി.ടി.തോമസ് എംഎൽഎയെ വിവരമറിയിച്ചു. അദ്ദേഹമാണ് പൊലീസിനെ അറിയിച്ചത്.കേസിൽ പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവാണ് വിധിച്ചത്.
കൂട്ടബലാൽസഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയിൽ പറയുന്നു.എന്നാൽ ദിലീപ് കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.ഏഴാം ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽ, 15-ാം പ്രതി ശരത് എന്നിവരാണ് കുറ്റവിമുക്തരായത്.

