തിരുവനന്തപുരം: തനിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ സാധ്യതയില്ലെന്ന് മുൻ ഡിജിപിയും കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ. ബലാത്സംഗ കേസുകളിൽ ഇരകളുടെ പേരുകൾ വെളിപ്പെടുത്തിയതിനെ പേരിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യമുയർന്നതിനു പിന്നാലെയാണ് ശ്രീലേഖയുടെ പ്രതികരണം. തിരുവനന്തപുരം സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ ജയചന്ദ്രൻ സമർപ്പിച്ച പരാതിയിലായിരുന്നു കോടതിയുടെ നിർദ്ദേശം. വീഡിയോയിൽ പ്രായപൂർത്തിയാകാത്ത ഒരു ഇരയുടെയും പേര് പരാമർശിച്ചിട്ടില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി.
‘2021-ൽ എന്റെ യൂട്യൂബ് ചാനലിൽ നിർമ്മിച്ച ഒരു വീഡിയോയ്ക്കെതിരെയാണ് കേസ്. വീഡിയോയിൽ ബലാത്സംഗത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. കിളിരൂർ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. എന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആ കേസ് അന്വേഷിച്ചത്. അതിലെ എല്ലാ പ്രതികളെയും ശിക്ഷിച്ചു. കേസ് ആദ്യം കേരള പോലീസ് അന്വേഷിക്കുകയും പിന്നീട് സിബിഐക്ക് കൈമാറുകയും ചെയ്തു. എഫ്ഐആറിൽ കുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, അന്വേഷണത്തിൽ അവൾ പ്രായപൂർത്തിയായ ആളാണെന്ന് കണ്ടെത്തി. 2003-ൽ മരിക്കുമ്പോൾ അവൾക്ക് 20 വയസ്സായിരുന്നു. അതുകൊണ്ട് തന്നെ പോക്സോ കേസ് നിലനിൽക്കില്ല. പോലീസ് അന്വേഷിച്ചാൽ അത് മനസ്സിലാകും.
രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ എനിക്ക് ഇത്തരം വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ഇത് എന്നെ വ്യക്തിപരമായി ആക്രമിക്കാനാണ്. ഒരു അമ്മ, ഭാര്യ, മുൻ പോലീസ് ഉദ്യോഗസ്ഥ എന്നീ നിലകളിൽ, ബലാത്സംഗത്തിന് ഇരയായ ഒരാളെയോ അവരുടെ കുടുംബത്തെയോ അറിഞ്ഞുകൊണ്ട് ഞാൻ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. അത് അങ്ങനെ തന്നെ തുടരും. കിളിരൂർ കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇപ്പോഴും വിക്കിപീഡിയ ഉൾപ്പെടെയുള്ള നിരവധി മാധ്യമങ്ങളിൽ ഉണ്ട്. അവർ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.
സർവീസിൽ ഇരുന്നപ്പോൾ വരാത്ത കേസ് ഇപ്പോൾ വരുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ട്. കിളിരൂർ കേസിലെ പെൺകുട്ടിയുടെ പേര് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല . ഇതിന് പിന്നിലെ ഉദ്ദേശ്യം ആർക്കും ഊഹിക്കാൻ കഴിയും. അവരുടെ കുടുംബത്തിനോ ബന്ധുക്കൾക്ക് പരാതിയില്ല. ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്,’ ശ്രീലേഖ പറഞ്ഞു.

