തൃശൂർ: തൃശൂർ പൂരത്തിന്റെ ആവേശം വാനോളം ഉയർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരപ്പറമ്പിലേയ്ക്ക് . ചെമ്പുക്കാവ് ഭഗവതിയുടെ ആചാരപരമായ തിടമ്പേറ്റലിനാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ എത്തിയത്. ചെണ്ടമേളത്തിന്റെ ആരവങ്ങൾക്കും, തിങ്ങി നിറഞ്ഞ പുരുഷാരവത്തിന്റെ ആർപ്പ് വിളികൾക്കുമിടയിലേയ്ക്കാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ എത്തിയത്. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ ചെമ്പുകാവ് ദേവിയും പനമുക്കുംപള്ളി ശാസ്താവും നേർക്ക് നേർ നിന്ന നിമിഷങ്ങളായിരുന്നു പിന്നീറ്റ്.
രണ്ട് ദേവതകളും വടക്കുംനാഥനെ വണങ്ങി തെക്കേ കവാടത്തിലൂടെ പുറത്തുകടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആനപ്രേമികളാണ് പൂരത്തിന് രാമൻ തിടമ്പേറ്റുന്നത് കാണാൻ എത്തിയിരിക്കുന്നത് . കണിമംഗലം ശാസ്താവും വടക്കുംനാഥ ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തി. സൂര്യനെയോ മഞ്ഞിനെയോ മഴയെയോ നേരിടാതെ ദേവഗുരു ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിൽ എത്തണമെന്നാണ് ഐതിഹ്യം. ആനയുടെ പുറത്ത് കണിമംഗലത്ത് നിന്ന് പുറപ്പെട്ട ശാസ്താവ് കുളശ്ശേരിയിൽ നിന്ന് ഏഴ് ആനകളേയും കൂട്ടി സ്വരാജ് ഗ്രൗണ്ടിലേക്ക് പോയി. വടക്കുംനാഥനെ വണങ്ങാതെയും പ്രദക്ഷിണം നടത്താതെയും തെക്കൻ ഗോപുരത്തിലൂടെ പ്രവേശിക്കുന്ന ഏക പൂരം എന്ന പ്രത്യേകതയും കണിമംഗലം ശാസ്താവിന് ഉണ്ട്.
പാറമേക്കാവ് ഘോഷയാത്ര രാവിലെ 11 മണിക്ക് ആരംഭിച്ചു . ചെമ്പട മേളം വടക്കുന്നാഥൻ ഇലഞ്ഞിത്തറയിൽ എത്തിയാൽ മുതിർന്ന ചെണ്ട കലാകാരന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം ആരംഭിക്കും. വൈകുന്നേരത്തോടെ കുടമാറ്റം നടക്കും.അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കുടമാറ്റം 15 മിനിറ്റ് മാത്രമേ നീണ്ടുനിൽക്കൂ.

